Thursday, August 21, 2008

ബെര്‍ളി തോമസ് ഫാന്‍സ് ബ്ലോഗ്

ഒരു ഫാന്‍ ക്ളബ്ബ് ഉണ്ടാക്കി ആരാധിക്കാന്‍ മാത്രം ഇയാള്‍ ഭയങ്കരനായ ആളായതുകൊണ്ടല്ല ഞാനീ ബ്ലോഗ് തുടങ്ങുന്നത്. എന്റെ ഓഫീസില്‍ ബെര്‍ളിത്തരങ്ങള്‍ വായിക്കാത്ത ആളുകളില്ല. ബെര്‍ളിയുടെ ശൈലിയോട് എല്ലാവര്‍ക്കും നല്ല മതിപ്പാണ്. പക്ഷെ, ഞങ്ങളാരും ബ്ലോഗര്‍മാരല്ല. ബ്ലോഗ് തുടങ്ങാനോ ഇവിടുത്തെ നാണംകെട്ട അടികളില്‍ കൂടാനോ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ എങ്കില്‍ കുറെ ആളുകളെ ചേര്‍ത്ത് ഒരു ബ്ലോഗ് തുടങ്ങാമെന്ന് ആദ്യം തീരുമാനിച്ചു. കാര്യത്തോടടുത്തപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ കാലുമാറി. ഒന്നുമല്ലെങ്കിലും ഇത്രയധികം പോസ്റ്റുകള്‍ ഫ്രീയായി എഴുതി തള്ളിയ ബെര്‍ളിയെക്കുറിച്ച് നാലുവാക്ക് എഴുതിയിട്ടു തന്നെ ബാക്കി കാര്യം എന്നു ഞാന്‍ തീരുമാനിച്ചു. അതുകൊണ്ടാണ് ബ്ലോഗിനു ഇങ്ങനെ പേരിട്ടത്.

ബെര്‍ളിയെ എനിക്കു നേരിട്ടറിയില്ല. അച്ചായന്റെ നാട്ടുകാരനല്ലെങ്കിലും ഞാന്‍ ഒരു മദ്യതിരുവിതാംകൂര്‍കാരനാണ്. ശരിക്കുള്ള പേര് പാപ്പച്ചന്‍ എന്നല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നാലുമാസം മുമ്പാണ് ബെര്‍ളിത്തരങ്ങള്‍ വായിച്ചുതുടങ്ങിയത്. കൂടുതല്‍ ഞാന്‍ വര്‍ണിക്കേണ്ടതില്ലല്ലോ. കഴിഞ്ഞ കുറെ ദിവസങ്ങളായി ചിന്ത അഗ്രിഗേറ്ററില്‍ ബെര്‍ളിയുടെ പോസ്റ്റൊന്നും ബ്ലോഗില്‍ വന്നു നോക്കിയപ്പോഴാണ് ചിന്ത അഗ്രിഗേറ്ററില്‍ നിന്ന് അച്ചായനെ പുറത്താക്കിയ വിവരം അറിയുന്നത്. പുറത്താക്കി പുറത്താക്കി അച്ചായന്‍ കയറിയങ്ങ് സ്റ്റാറാവുമെന്നല്ലാതെ പുറത്താക്കുന്നവര്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാവുമെന്നു തോന്നുന്നില്ല.

ബ്ലോഗിലെ ശ്രീനിവാസനാണ് ബെര്‍ളി എന്നെനിക്കു തോന്നിയിട്ടുണ്ട്. അച്ചായന്‍ ശ്രീനിവാസനെ അനുകരിക്കുകയാണെന്നും ഒരഭിപ്രായമുണ്ട്. പക്ഷെ, എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം, ശ്രീനിവാസനെ ആര്‍ക്കും അനുകരിക്കാന്‍ കഴിയില്ല. മലയാളിയുടെ വേവ്ലെങ്തിന് ഇതുപോലെ പറ്റിയ ഒരാള്‍ വേറെയില്ല. സിനിമയില്‍ ശ്രീനിവാസന്‍ ചെയ്യുന്നതൊക്കെയാണ് ബ്ലോഗില്‍ ബെര്‍ളിയും ചെയ്യുന്നത്. മനോരമയില്‍ ദിനം പ്രതി ലേഖനങ്ങള്‍ എഴുതിക്കൂട്ടുന്നതുകൊണ്ട് അച്ചടിമഷിയോട് വല്യ കമ്പമൊന്നുമില്ലാത്തതിനാലാവാം ബെര്‍ളിയുടെ പോസ്റ്റുകള്‍ ഒന്നും ആരും പ്രസിദ്ധീകരിച്ചുകാണാത്തത്. സംഗീതയുടെ പ്രേമലേഖനവും സിപിഎം ഹര്‍ത്താലുമൊക്കെ എനിക്കും ഫോര്‍വേര്‍ഡായി കിട്ടിയിരുന്നു. ഒരര്‍ത്ഥത്തില്‍ അത് ബെര്‍ളിയുടെ ഭാഗ്യവും ഗതികേടുമാണ്. പതിനായിരക്കണക്കിന് തവണ ഫോര്‍വേര്‍ഡ് ചെയ്തിട്ടും എഴുത്തുകാരനെ ആരും അറിയാതിരിക്കുക. അതേ സമയം, മറ്റൊരു ബ്ലോഗറും ഇങ്ങനെ ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല എന്നതില്‍ ബെര്‍ളിക്ക് അഭിമാനിക്കാം. ഞാനാണ് അതൊക്കെ ഫോര്‍വേര്‍ഡ് ചെയ്തതെന്ന് കരുതല്ലേ.

അല്‍പം കടന്നുപോകുമെങ്കിലും ബെര്‍ളി ബ്ലോഗിലെ വെടിയാണ് എന്നൊരഭിപ്രായമാണ് എനിക്കുള്ളത്. എല്ലാവര്‍ക്കും വേണം, പക്ഷെ മറ്റുള്ളവര്‍ക്കു മുന്നില്‍ ആരും അംഗീകരിക്കില്ല എന്ന അവസ്ഥ. അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതുപോലെ തന്നെ ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക് ഗൌരവമായ വിമര്‍ശനങ്ങളുമുണ്ടായിട്ടില്ല. കുറെപ്പേര്‍ ബെര്‍ളി എന്ന ബ്ലോഗറെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടുണ്ടെന്നല്ലാതെ അയാളുടെ പോസ്റ്റുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടില്ല. നല്ല വിമര്‍ശനത്തിന്റെ കുറവ് പല പോസ്റ്റുകളിലും കാണാനുമുണ്ട്. എങ്കിലും അസാധാരണമായ ഒരു പ്രതിഭ പല പോസ്റ്റുകളിലും തെളിഞ്ഞു കാണാം. അയാളുടെ ആര്‍പ്പോയ് എന്ന മ്യൂസിക് ആല്‍ബത്തിനും അതേ ഗതി തന്നെയാണുണ്ടായത്.

വിശാലമനസ്കനോട് ബെര്‍ളിയെ താരതമ്യപ്പെടുത്തുന്നത് അബദ്ധമാണെന്നാണ് എന്റെ അഭിപ്രായം. വിശാലമനസ്കന്‍ സത്യന്‍ അന്തിക്കാടിനെപ്പോലെയാണെങ്കില്‍ ബെര്‍ളി പ്രിയദര്‍ശനെപ്പോലെയാണ്. രണ്ടും രണ്ട് ലൈനാണ്. കാമ്പുള്ളത് വിശാലന്റെ പോസ്റ്റുകള്‍ക്കാണെങ്കില്‍ വെള്ളിടിപോലുള്ള ചില നമ്പറുകളാണ് ബെര്‍ളിയുടെ തുറുപ്പുചീട്ട്. സംഗതി അടിച്ചുവിടണമെന്നല്ലാതെ ഹിറ്റാവുമോ ഇല്ലയോ എന്നൊന്നും അയാള്‍ക്കൊരു ചിന്തയുമില്ല. ഇത്രയധികം പോസ്റ്റുകള്‍ മലയാളത്തില്‍ മറ്റേതെങ്കിലും ബ്ലോഗിലുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും എല്ലാത്തരം വായനക്കാരെയും ഒരുപോലെ സ്വാധീനിച്ച മറ്റൊരു ബ്ലോഗറില്ല, ബെര്‍ളിയല്ലാതെ. അതുകൊണ്ടാണ് മലയാളത്തിലെ ആദ്യത്തെ ഫാന്‍ ബ്ലോഗ് നമ്മുടെ അച്ചായന് തന്നെ ഇരിക്കട്ടെ എന്നു ഞാന്‍ തീരുമാനിച്ചത്. ഈ ഫാന്‍ ബ്ലോഗിനു പിന്നില്‍ ഞാന്‍ ഒരാള്‍ മാത്രമേയുള്ളൂ. ബെര്‍ളിയെക്കുറിച്ച് നാലുവരി എഴുതാന്‍ വേണ്ടി ഉണ്ടാക്കിയതാണീ ബ്ലോഗ്. ഇത് ഞാന്‍ കൃത്യമായി അപ്ഡേറ്റ് ചെയ്തെന്നോ ഒന്നും വരില്ല.

പക്ഷെ, ബ്ലോഗര്‍മാരല്ലാത്ത ബ്ലോഗ് വായനക്കാര്‍ക്കു വേണ്ടി, പ്രത്യേകിച്ച് ബെര്‍ളിയെ ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു. വിമര്‍ശനമോ വിലയിരുത്തലോ എന്തെങ്കിലും എഴുതാന്‍ താല്‍പര്യമുള്ളവര്‍ ഈ പോസ്റ്റിനു കമന്റായി അവരുടെ ഇമെയില്‍ ഐഡി നല്‍കിയാല്‍ ഈ ബ്ലോഗിന്റെ അഡ്മിന്‍ പവര്‍ അവര്‍ക്ക് ഉടമടി നല്‍കുന്നതായിരിക്കും. ഇങ്ങനൊരു ബ്ലോഗ് തുടങ്ങാന്‍ എനിക്കു ബെര്‍ളിയുടെ അനുവാദം ആവശ്യമില്ലാത്തതിനാല്‍ അതിനു മുതിരുന്നില്ല. ബെര്‍ളിയുമായി നേരിട്ടു ബന്ധപ്പെടാന്‍ എനിക്കു താല്‍പര്യവുമില്ല. അച്ചായനെന്നെ അറിയാതിരിക്കുന്നിടത്തോളമേ ഈ ഫാന്‍ ബ്ലോഗിനു മൂല്യമുള്ളൂ എന്നാണെന്റെ വിശ്വാസം. ബെര്‍ളി എന്ന ബ്ലോഗറെ വായിച്ചു കടന്നുപോകുന്ന ഒരു വായനക്കാരന്റെ കുറിപ്പ് അത്രമാത്രം.

നന്ദി, നമസ്കാരം.


ഈ ബ്ലോഗിന്റെ അഡ്മിന്‍ ആവശ്യമുള്ളവര്‍ അവരുടെ ഇമെയില്‍ ഐഡി കമന്റായി ഇടുക.